അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് അനുമതിയില്ല. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. നേരത്തേ ബിജെപി സര്‍ക്കാരാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്!നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട കേസായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
2013 ഏപ്രില്‍ 1നും 2018 ഏപ്രില്‍ 30നും ഇടയില്‍ ഡി കെ ശിവകുമാറും കുടുംബാംഗങ്ങളും 74.8 കോടിയോളം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സുപ്രീം കോടതിയുടെ ഏത് വിധിയും ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. 'ഞാന്‍ കോടതികളില്‍ വിശ്വസിക്കുന്നു, ഞാന്‍ ദൈവത്തിലും വിശ്വസിക്കുന്നു. കോടതി വിധി ദൈവ വിധിയായി അംഗീകരിക്കും', അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.