ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ അപകടത്തിൽ, 121 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ട് സമർപ്പിച്ചു. ദുരന്തത്തെ തുടർന്ന് ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംഭവത്തിൽ ശക്തമായ അന്വേഷണം ശുപാർശ ചെയ്ത സാഹചര്യത്തിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വശങ്ങൾ പരിഗണിച്ചാണ് എസ്ഐടി റിപ്പോർട്ട്. "അന്വേഷണത്തിൻ്റെയും ഇതുവരെ സ്വീകരിച്ച നടപടികളുടെയും അടിസ്ഥാനത്തിൽ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയ്ക്കുള്ള സാധ്യതയുണ്ടോ എന്നകാര്യം അന്വേഷണ സമിതി തള്ളിക്കളഞ്ഞിട്ടില്ല. പരിപാടി നടത്തിയ സംഘാടകർ, തഹസിൽദാർ, പൊലീസ്, ഭരണകൂടം എന്നിവർ കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്," ഉദ്യോഗസ്ഥർ പറഞ്ഞു.
ദൃക്‌സാക്ഷികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ അപകടത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംഘാടകർക്കാണെന്നും എസ്ഐടി ആരോപിച്ചു. എന്നാൽ റിപ്പോർട്ടിൽ എവിടെയും, പരിപാടിക്ക് നേതൃത്വം നൽകിയ ആൾദൈവം ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേര് പരാമർശിച്ചിട്ടില്ല.
80,000 ആളുകൾ ഒത്തുചേരുന്നതിനാണ് സംഘാടകർ അനുമതി തേടിയത്. എന്നാൽ, രണ്ടര ലക്ഷത്തോളം പേര് പരിപാടിയിൽ പങ്കെടുത്തു. വ്യാജരേഖകൾ ഉപയോഗിച്ച് അനുമതി തേടുകയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം, എഫ്ഐആറിലും ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ പേരുണ്ടായിരുന്നില്ല