ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെപ്പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായെങ്കിലും ‘ആൾദൈവം’ ഭോലെ ബാബ കാണാമറയത്തുതന്നെ. മെയിൻപുരി ജില്ലയിലെ ആശ്രമത്തിൽ ആൾദൈവം സായുധസംഘത്തിന്റെ കാവലിൽ കഴിയുന്നതായാണ് വിവരം.
15 അടി ഉയരത്തിൽ ചുറ്റുമതിലുള്ള ആശ്രമത്തിന്റെ ഗേറ്റുകൾ വലിയ ചങ്ങല ഉപയോഗിച്ച് അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. ആശ്രമത്തിൽ ഭോലെ ബാബ ഇല്ലെന്നാണ് പൊലീസ് വാദം. യുപി സർക്കാർ ആൾദൈവത്തെ പിടികൂടാൻ തയ്യാറാകുന്നില്ലെന്ന വിമർശത്തിനിടെ, ഭോലെ ബാബയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. യുപി സർക്കാരിനെ വിശ്വസിക്കണമെന്നും ദുരന്തം സൃഷ്‌ടിച്ചതിന്റെ ഉത്തരവാദികളെ അവർ വെറുതെ വിടില്ലെന്നും സന്ദേശത്തിൽ പറഞ്ഞു. അതേസമയം, ഒളിവിലിരുന്ന് സന്ദേശം പുറത്തുവിട്ടതിനെ വിമർശിച്ച അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, ഭോലെ ബാബ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച രാത്രി ഡൽഹിയിൽ പിടിയിലായ പരിപാടിയുടെ മുഖ്യസംഘാടകനും കേസിലെ ഒന്നാം പ്രതിയുമായ ദേവ് പ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ഹാഥ്‌രസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തു. അതേസമയം, ഡൽഹിയിലെത്തി മധുകർ കീഴടങ്ങുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എ പി സിങ് പറഞ്ഞു. ഇയാളെപ്പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.