ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്യും. ഒക്ടോബർ 17 നാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും ചടങ്ങ്. കേന്ദ്ര മന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. നേരത്തെ 15ന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യാർഥം തീയതി 17ലേക്ക് മാറ്റുകയായിരുന്നു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടിൽ രാവിലെയാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി ഹരിയാനയിൽ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. കോൺഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎൻഎൽഡിക്ക് രണ്ടു സീറ്റുകൾ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രർ ബിജെപിക്ക് പിന്തുണ നൽകി. തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരും. ഇക്കൊല്ലം മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി, ബിജെപി നയാബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത്.
നിയമബിരുദധാരിയായ സെയ്നി, പാർട്ടി ആസ്ഥാനത്തു കംപ്യുട്ടർ ഓപ്പറേറ്ററായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2002ലും 2005ലും യുവമോർച്ച അംബാല ജില്ലാ പ്രസിഡന്റായി. 2009 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. 2014 ൽ നാരായൺഗഡിൽ നിന്ന് നിയമസഭാംഗമായി. 2015 മുതൽ 2019 വരെ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. 2019 ൽ കുരുക്ഷേത്രയിൽ നിന്നും ലോക്സഭയിലേക്കു ജയം. 2023 ൽ, അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനുമായി.