ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉച്ചവരെ രേഖപ്പെടുത്തിയത് 36.7 ശതമാനം പോളിങ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.
90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് എം.പി. കുമാരി ഷെൽജ പറഞ്ഞു. തന്റെ പ്രവർത്തനത്തിൽ വിശ്വാസമുണ്ട്. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. താൻ പാർട്ടിയുടെ സൈനികയാണെന്നും ഷെൽജ വ്യക്തമാക്കി.
ഭൂപീന്ദർ സിങ് ഹൂഡ സംഘവും കുമാരി ഷെൽജ നേതൃത്വം നൽകുന്ന ഗ്രൂപ്പും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വോട്ടെടുപ്പ് ദിനത്തിലെ ഈ പ്രതികരണം. മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ലോക്‌സഭാംഗമായ ഷെൽജ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ, സിറ്റിങ് എം.പി.മാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡെടുത്തിരുന്നു.