മുംബൈ: മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു മഹായുതി സഖ്യം. എന്നാൽ ഈ ആഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള ഫലങ്ങൾ മഹാസഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം-എൻസിപി അജിത് പവാർ വിഭാഗം എന്നിവർ ചേർന്ന മഹായുതി സഖ്യത്തിന് ആകെയുള്ള 48 സീറ്റുകളിൽ 17 എണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. അതെസമയം ഇൻഡ്യ സഖ്യം 30 സീറ്റുകൾ നേടിയത് മഹായുതി സഖ്യത്തിൻ്റെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷയിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മഹായുതി സഖ്യത്തിന് കീഴിലുള്ള 185 നിയമസഭാ മണ്ഡലങ്ങളിൽ 90 എംഎൽഎമാരും തങ്ങളുടെ ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകുന്നതിൽ പരാജയപ്പെട്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം വ്യക്തമാക്കുന്നത്.
സിറ്റിങ്ങ് സീറ്റുകളിൽ പലതിലും പിന്നിലാണ് നിലവിലെ മഹായുതി സഖ്യം. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ആകെയുള്ള 42 സീറ്റിങ്ങ് സീറ്റുകളിൽ 20 ഇടത്തും പിന്നിലാണ്.എൻസിപി അജിത്പവാർ വിഭാഗം ആകെയുള്ള 40 സിറ്റിങ്ങ് സീറ്റുകളിൽ 22 ഇടത്തും പിന്നിലാണ്. ബിജെപിക്കാണ് സിറ്റിങ്ങ് സീറ്റുകളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ബിജെപി ആകെയുള്ള 103 സിറ്റിങ്ങ് സീറ്റുകളിൽ 48 ഇടത്താണ് പിന്നിലായത്.
മഹായുതി സഖ്യത്തിന്റെ കൈവശമുള്ള 185 നിയമസഭാ സീറ്റുകളിൽ 90 ഇടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പിന്നിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സിറ്റിങ്ങ് സീറ്റുകളുടെ അടിസ്ഥാനത്തിൽ ബിജെപി 55, ശിവസേന 22, എൻസിപി 17 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിന് മുന്നിലെത്താനായത്.ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സാധ്യതകൾ കണക്കാക്കുന്നതിനുള്ള അന്തിമ മാനദണ്ഡം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനമല്ലെങ്കിലും മഹായുതിക്ക് ഇതൊരു മുന്നറിയിപ്പാണ്.
അതെസമയം മഹായുതി സഖ്യത്തെ അപേക്ഷിച്ച് ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാഡി മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ആകെയുള്ള 71 സിറ്റിങ്ങ് സീറ്റുകളിൽ 13 ഇടത്ത് മാത്രമാണ് എംഎൽഎമ്മാർ പിന്നിൽ പോയത്.കോൺഗ്രസിലാകട്ടെ 43 സിറ്റിങ്ങ് സീറ്റുകളിൽ എട്ടെണ്ണം മാത്രം. ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ 15 സിറ്റിങ്ങ് സീറ്റുകളിൽ രണ്ട് എണ്ണത്തിലും എൻസിപി ശരദ് പവാർ വിഭാഗം വിജയിച്ച 13 സീറ്റുകളിൽ മൂന്നിടത്തും മാത്രമാണ് സഖ്യം പിന്നിൽ പോയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ മഹാവികാസ് അഘാഡി സഖ്യത്തിന് 154 നിയമസഭാ സീറ്റുകളിലാണ് ലീഡുള്ളത്. ഇതിൽ കോൺഗ്രസ് 63, ശിവസേന ഉദ്ദവ് വിഭാഗം 57, എൻസിപി ശരദ് പവാർ വിഭാഗം 34 എന്നിങ്ങനെയാണ് ലീഡുള്ളത്. മഹായുതി സഖ്യത്തിന് 127 നിയമസഭാ സീറ്റുകളിലാണ് ലീഡുള്ളത്. ബിജെപി 80, ശിവസേന 39, എൻസിപി 6 ആർഎസ്പി 1, ബിവിഎ 1 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിന്റെ ലീഡ് നില.
നിയമസഭാ മണ്ഡലങ്ങളിലെ ലോക്‌സഭാ ഫലങ്ങൾ അസംബ്ലി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെങ്കിലും,തീർച്ചയായും പരിഗണിക്കേണ്ട ഒരു പ്രധാന ഘടകമാണിതെന്നാണ് ബിജെപി നേതാവ് ഉൾപ്പെടെ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പരിഗണിക്കുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ നൽകുന്ന ലീഡ് കണക്കിലെടുക്കുമെന്ന് ഭരണകക്ഷികൾ അവരുടെ എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഭരണഘടനയെ നശിപ്പിക്കുന്നു, ആദിവാസികൾക്കുള്ള സൗകര്യങ്ങൾ ഇല്ലാതാക്കുന്നു എന്നിങ്ങനെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഇനി ഫലപ്രദമാകില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിക്ക് വേണ്ടി മാത്രമായിരുന്നു വോട്ടെടുപ്പ് എന്നതിനാൽ നാഗ്പൂർ പോലുള്ള ചില മണ്ഡലങ്ങളിൽ എംഎൽഎമാരുടെ പ്രകടനം അത്ര പ്രധാനമല്ലെന്നും അവർ കൂട്ടിച്ചേർത്തു.മാത്രമല്ല, ബീഡ് പോലെയുള്ള മറാത്ത് വാഡ മണ്ഡലങ്ങളിൽ പ്രധാനമായും ജാതി സമവാക്യത്തെ അടിസ്ഥാനമാക്കിയായിരുന്നു ഫലം.അതും ഇനി അത്ര കണ്ട് ഫലംകാണില്ലെന്ന ആത്മവിശ്വാസത്തിലാണ് മഹായുതി സഖ്യം.
രണ്ട് തിരഞ്ഞെടുപ്പുകളിലെയും പ്രശ്‌നങ്ങൾ തികച്ചും വ്യത്യസ്തമായതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമില്ലെന്ന് അജിത് പവാർ എൻസിപി വക്താവ് സുനിൽ തത്കരെ പറഞ്ഞു. കൂടുതൽ സീറ്റുകളിൽ മത്സരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹായുതി 133 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ ബിജെപി മാത്രം 73 മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു എന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 1% വോട്ട് വിഹിതം ഉയർന്നത് അധികാരം നിലനിർത്താൻ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.ജൂലായ് 12 നാണ് മഹാരാഷ്ട്രയിലെ 11 നിസമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്.