​ഗുജറാത്തിൽ വൻ ലഹരിവേട്ട; 5,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ഗുജറാത്തിൽ നിന്നും 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്.

author-image
anumol ps
New Update
Drug

 


ന്യൂഡൽഹി: ​ഗുജറാത്തിൽ വൻ ലഹരിവേട്ട. ​ഗുജറാത്തിൽ നിന്നും 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണു കൊക്കെയ്ൻ കണ്ടെടുത്തത്. 

ഒക്ടോബർ ഒന്നിനു ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ മഹിപാൽപുരിൽ തുഷാർ ഗോയൽ എന്നയാളുടെ ഗോഡൗണിൽ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, ഒക്ടോബർ 10ന് ഡൽഹിയിലെ രമേശ് നഗറിലെ കടയിൽനിന്ന് 208 കിലോഗ്രാം കൊക്കെയ്ൻ കൂടി പിടിച്ചെടുത്തു.

ഇതു ഫാർമ സൊല്യൂഷൻ സർവീസസ് എന്ന കമ്പനിയുടേതാണെന്നും അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്തി. ഈ കേസിൽ ഇതുവരെ ആകെ 1,289 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം തായ്‌ലൻഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 13,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണു ഈ ദിവസങ്ങളിൽ പിടികൂടിയത്.

drugs cocaine