ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. നിരവധി പേർ കെട്ടിടത്തിൽ കുടിങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാ പ്രവർത്തനവും പുരോഗമിക്കുകയാണ്. കെട്ടിടത്തിനിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ആറ് നില കെട്ടിടം തകർന്ന് അപകടം ഉണ്ടായത്.
ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
2016-17 ലാണ് നിർമ്മിച്ച കെട്ടിടമാണ് തകർന്നതെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.