ന്യൂഡൽഹി: മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മി. ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂട് അടിസ്ഥാനത്തിൽ ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.
മേൽപ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള ആർക്കും അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം എട്ടുലക്ഷം വരെയുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന് ശതമാനം പലിശയിളവ് നൽകും. ബാങ്കുകൾക്ക് ഇത് കേന്ദ്രസർക്കാർ നൽകും. 7.5 ലക്ഷംവരെയുള്ള വായ്പകളുടെ 75 ശതമാനത്തിനും കേന്ദ്രസർക്കാർ ജാമ്യം നിൽക്കും.വിദ്യാർഥി പഠനകാലയളവിലും അതിനുശേഷം ഒരുവർഷം വരെയും പലിശമാത്രം അടച്ചാൽ മതി. ഇതിന് പറ്റാത്തവർക്ക് പലിശയും ഈ കാലാവധിക്കുശേഷം അടച്ചുതുടങ്ങിയാൽ മതി. 10 ലക്ഷത്തിനുമുകളിൽ വായ്പ വേണ്ടവർക്കും അപേക്ഷിക്കാം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ പി.എം. വിദ്യാലക്ഷ്മി എന്ന ഏകീകൃത പോർട്ടലിലൂടെ അപേക്ഷിക്കാം. പലിശയിളവിനടക്കമുള്ള അപേക്ഷയും ഇതിലൂടെ നൽകാം.