ന്യൂഡൽഹി: ബംഗ്ലാദേശിലെ സത്ഖിര ജില്ലയിലെ ജശോരേശ്വരി ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ സ്വർണ കിരീടം മോഷണം പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി പൂജ കഴിഞ്ഞ് നടയടച്ച് പോയതിന് ശേഷമാണ് കിരീടം മോഷണം പോയത്. കാളി ദേവിയുടെ ശിരസിലെ സ്വർണ കിരീടം നഷ്ടപ്പെട്ടതായി ക്ലിനിങ് ജീവനക്കാരാണ് കണ്ടെത്തിയത്.
2021 ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടയിലാണ് സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. തുടർന്ന് കാളി ദേവിക്ക് സ്വർണ കിരീടം സമർപ്പിക്കുകയും ചെയ്തു.
സ്വർണ കിരീടം മോഷണം പോയത് അന്വേഷിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ ആവശ്യപ്പെട്ടു. “സംഭവത്തിൽ ഞങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു, മോഷണത്തെക്കുറിച്ച് അന്വേഷിക്കാനും കിരീടം വീണ്ടെടുക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ടാണ് കിരീടം നിർമിച്ചത്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. 2021 മാർച്ച് 27 നാണ് മോദി ക്ഷേത്രം സന്ദർശിച്ചത്.