ശ്രീനഗർ: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ മത്സരത്തിൽ നിന്ന് പിന്മാറി മുൻ കോൺഗ്രസ് നേതാവും ഡി.പി.എ.പി നേതാവുമായ ഗുലാം നബി ആസാദ്. നാമനിർദേശപ്പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം. ജമ്മു കശ്മീരിലെ അനന്ദ്‌നാഗ്-രജൗരി മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാർഥിയായിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമല്ല. ആസാദിന് പകരം മൊഹമ്മത് സലീം പരാരെയായിരിക്കും ഡി.പി.എ.പി സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുക.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് മിയാൻ അൽത്താഫ് എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2022-ൽ കോൺഗ്രസ് വിട്ടശേഷം ആസാദ് ആദ്യമായാണ് മത്സരിക്കാനെത്തിയിരുന്നത്.
രണ്ട് ദിവസം മുമ്പ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ബാരമുള്ളയിൽനിന്ന് മത്സരിക്കാൻ ഗുലാം നബി ആസാദിനെ വെല്ലുവിളിച്ചിരുന്നു. കൂടാതെ ബി.ജെ.പി സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്നും ആരോപിച്ചിരുന്നു. കോൺഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്.