ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം നടക്കുന്നതിനിടെ സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു എന്നിവർക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ.‘സ്പീക്കർ പോസ്റ്റ് നേടിയെടുക്കൂ അല്ലാത്തപക്ഷം ബി.ജെ.പി അവരുടെ സഖ്യ പാർട്ടികളെ തകർക്കുമെന്നാണ് ആദിത്യയുടെ മുന്നറിയിപ്പ്.എക്‌സിലൂടെയാണ് ആദിത്യയുടെ മുന്നറിയിപ്പ്.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന എൻ.ഡി.എ സഖ്യത്തിൽ ചേർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ആദിത്യയുടെ ഈ മുന്നറിയിപ്പ്.
‘എൻ.ഡി.എയിലെ ബി.ജെ.പിയുടെ സഖ്യകക്ഷികൾക്ക് ഒരു എളിയ നിർദേശം. സ്പീക്കർ സ്ഥാനം നേടിയെടുക്കൂ. ബി.ജെ.പിയുടെ തന്ത്രങ്ങൾ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്. നിങ്ങളോടൊപ്പം സർക്കാർ രൂപീകരിക്കുമ്പോൾ അവർ വാഗ്ദാനങ്ങൾ ലംഘിക്കുകയും നിങ്ങളുടെ പാർട്ടികളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങൾ നേരത്തെ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടാകും’ - ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും ഔദ്യോഗിക എക്‌സ് ഹാൻഡിലുകളെ പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ടാണ് ആദിത്യ ഇങ്ങനെ കുറിച്ചത്.
കഴിഞ്ഞ ദിവസം എക്‌സിലെ മറ്റൊരു പോസ്റ്റിൽ ആദിത്യ താക്കറെ എൻഡിഎ പാർട്ടിയക്കെതിരെ കുത്ത വിമർശനമാണ് ഉന്നയിച്ചത്. നമ്മുടെ ഭരണഘടനയെ മാറ്റാനും ജനാധിപത്യത്തെ ഇല്ലാതാക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ രാജ്യം തള്ളിക്കളഞ്ഞു. ആ ധാർഷ്ട്യത്തിന് ഇവിടെ സ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. അഹന്ത, സ്വേച്ഛാധിപത്യ മനോഭാവം, ജനാധിപത്യ വിരുദ്ധത, ഭരണഘടനക്കു പകരം സ്വന്തം പാർട്ടി മാനുവൽ നടപ്പിലാക്കാനുള്ള ശ്രമം ഇവയെയെല്ലാം മൃഗീയ ഭൂരിപക്ഷത്തിൽനിന്ന് 240 എന്ന അക്കത്തിലേക്ക് രാജ്യം ഒതുക്കിക്കളഞ്ഞു. ഇത് ദുർഭരണത്തിന്റെയും ധാർഷ്ട്യത്തിന്റെയും വ്യക്തമായ നിരാകരണമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.
ബി.ജെ.പിയെ മഹാരാഷ്ട്ര വിരുദ്ധ പാർട്ടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി, സംസ്ഥാനം കൊള്ളയടിക്കുന്നതും സാമ്പത്തിക ശക്തിയെയും അഭിമാനത്തെയും ക്ഷയിപ്പിക്കുന്നതും നമ്മൾ കണ്ടു. മഹാരാഷ്ട്ര വിരുദ്ധ ബി.ജെ.പിയെ ഇവിടുത്തെ വോട്ടർമാർ തള്ളിക്കളഞ്ഞു. ഇത് ഇനിയും തുടരും. രാജ്യത്തിനും ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടി ധീരമായി പോരാടിയതിന് ഇന്ത്യൻ വോട്ടർമാർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.