റൂർക്കി: ഉത്തരാഖണ്ഡിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. അട്ടിമറി സാധ്യത സൂചനകളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്നത്. കരസേന ഉപയോഗിച്ചിരുന്ന റെയിൽ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ധൻദേ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ട് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെട്ടില്ല.
ബംഗാൾ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്ററിന് സമീപത്തായാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടുപോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിൻ പാളമായിരുന്നു ഇത്. സംഭവത്തിൽ പ്രാദേശിക പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം സിലിണ്ടർ കണ്ടെത്തിയതിന് പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ 6.35ഓടെയാണ് BCNHL/32849 എന്ന ഗുഡ്സ് ട്രെയിൻ കടന്ന് പോകുമ്പോഴായിരുന്നു സംഭവം. ഇത് ആദ്യമായല്ല ഇത്തരം സംഭവങ്ങൾ മേഖലയിൽ നടക്കുന്നത്. ഏതാനു ആഴ്ചകൾക്ക് മുൻപാണ് ഗുജറാത്തിലെ സൂറത്തിൽ സമാന സംഭവം ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ മാസം ഉത്തർ പ്രദേശിലെ കാൻപൂരിലെ ദേഹതിലും റെയിൽവേ പാളത്തിൽ നിന്ന് ഗ്യാസ് കുറ്റി കണ്ടെത്തിയത്.