ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിൽ മറുപടിയുമായി ബി.ജെ.പി. 2009-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് നടത്തിയ ഇഫ്താര്‍ വിരുന്നിന്റെ ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രതിരോധം. മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ നടന്ന വിരുന്നില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജ്‌സറ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ചിത്രം ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനെവാലയാണ് പങ്കുവെച്ചത്.
അന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഇഫ്താര്‍ വിരുന്നില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്തപ്പോള്‍ നീതിന്യായ വ്യവസ്ഥ സുരക്ഷിതമായിരുന്നു. എന്നാല്‍, ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അത് നീതിന്യായ വ്യവസ്ഥ വിട്ടുവീഴ്ച ചെയ്യുന്നതായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മോദി അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് നല്‍കുന്നതെന്നാണ് നേരത്തേ പ്രതിപക്ഷം ഉന്നയിച്ചത്. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നും വിശദീകരിച്ച് ബിജെപി മറുപടി നല്‍കി. ഇതിന് പിന്നാലെയാണ് ഇഫ്താർ വിരുന്നിന്റെ ചിത്രം പങ്കുവെച്ച് ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടന്ന ഗണപതി പൂജയിലാണ് പ്രധാനമന്ത്രി സന്ദര്‍ശകനായി എത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അദ്ദേഹത്തിന്റെ ഭാര്യ കല്‍പന ദാസും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പങ്കുചേര്‍ന്നതായി അറിയിച്ച് ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിരുന്നു.
തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം കൂടിക്കാഴ്ചകള്‍ ചില സംശയങ്ങള്‍ക്കിടയാക്കുന്നുവെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേനകള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.