ചണ്ഡീഗഡ്: ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിക്ക് (ജെജെപി) വന്‍ തിരിച്ചടി. നാല് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഈശ്വര്‍ സിങ്ങ്, രാംകരണ്‍ കാല, ദേവേന്ദ്ര ബബ്ലി, അനൂപ് ധനക് എന്നിവരാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ചത്.
ബിജെപി-ജെജെപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനൂപ് ധനക് ബിജെപിയില്‍ ചേരാനാണ് സാധ്യത. ഈശ്വര്‍ സിങ്ങ്, രാംകരണ്‍ കാല, ദേവേന്ദ്ര ബബ്ലി എന്നിവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രചാരണം നടത്തിയത് ചൂണ്ടികാട്ടി രാംനിവാസ് സുര്‍ജഖേര, ജോഗി റാം സിഹാഗ് എന്നീ എംഎല്‍എമാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അയോഗ്യരാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മറ്റൊരു എംഎല്‍എയായ രാംകുമാര്‍ ഗൗരം കുറച്ചുകാലമായി പാര്‍ട്ടിയെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. 10 എംഎല്‍മാരുണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് ഏഴുപേരും കൊഴിഞ്ഞ അവസ്ഥയാണ്. ഒക്ടോബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള രാജി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്ന ജെജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് മുന്നണി വിട്ടത്.