നാല് സ്വതന്ത്രര്‍ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം

ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എംഎല്‍എമാരുടെ പിന്തുണയായി. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്യുന്ന നാലുപേരെ കൂട്ടാതെയാണിത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരുമുണ്ട്.

author-image
Prana
New Update
omar

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എംഎല്‍എമാരുടെ പിന്തുണയായി. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്യുന്ന നാലുപേരെ കൂട്ടാതെയാണിത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരുമുണ്ട്. നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഇനി കോണ്‍ഗ്രസ് പിന്തുണയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം. 
ഒമര്‍ അബ്ദുള്ളയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിനുശേഷമേ ഉണ്ടാകൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളാണ് നേടിയത്.
നിയമസഭാതിരഞ്ഞെടുപ്പില്‍ ജമ്മു മേഖയിലെ മോശം പ്രകടനത്തില്‍ ഖേദമുണ്ടെന്നും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പറഞ്ഞിരുന്നു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ചില ബോധപൂര്‍വമായ ശ്രമങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പോലീസിന്റെ പരിശോധനായിടങ്ങള്‍ നീക്കംചെയ്ത് പണവും മദ്യവും വിതരണം ചെയ്യുന്നത് സുഗമമാക്കിയതായി കാര ആരോപിച്ചു. ജമ്മു മേഖലയിലെ ഫലം പ്രതീക്ഷകള്‍ക്ക് അനുസൃതമായല്ലെന്നും പരാജയത്തെക്കുറിച്ച് വിശദമായ അഭിപ്രായം തേടുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
അതിനിടെ, ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭായോഗത്തില്‍ പാസാക്കുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ 370ാം അനുച്ഛേദം തട്ടിയെടുത്തവര്‍ അത് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ പറഞ്ഞു. ഈ വിഷയം നിരന്തരം ഉന്നയിക്കുമെന്നും തങ്ങളുടെ രാഷ്ട്രീയനിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

jammu kashmir omar abdullah farooq abdullah national conference