പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഖേഡ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500-ലധികം വിദ്യാർത്ഥികളാണ് താമസിച്ചു വരുന്നത്. ജോയിൻ്റ് എൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോച്ചിംഗ് നൽകുന്ന സ്ഥാപനമാണിത്. വെള്ളിയാഴ്ച രാത്രി കോച്ചിംഗ് സെൻ്ററിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 50 ലധികം വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.