ന്യൂഡൽഹി: ഡൽഹി–സാൻഫ്രാൻസിസ്കോ വിമാനം 20 മണിക്കൂറോളം വൈകിയതിൽ എയർ ഇന്ത്യയ്ക്ക്
കാരണം കാണിക്കൽ നോട്ടിസ് അയച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ. മേയ് 30ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 183 വിമാനമാണ് ഒരു ദിവസത്തോളം വൈകിയത്.
യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നുമാണ് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുള്ളത്. 2 വർഷത്തിനിടെ പത്താം തവണയാണ് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് നോട്ടിസ് നൽകുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 3.20ന് പുറപ്പെടേണ്ട വിമാനത്തിൽ രാത്രി 8 മണിയോടെയാണ് യാത്രക്കാരെ കയറ്റിയത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനത്തിനുള്ളിൽ എസി പ്രവർത്തിക്കാതായതോടെ യാത്രക്കാരിൽ പലരും കുഴഞ്ഞുവീണു. തുടർന്ന് വ്യാഴാഴ്ച അർധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നാലെ വെള്ളിയാഴ്ച രാവിലെ 11ന് വിമാനത്താവളത്തിൽ തിരിച്ചെത്തണമെന്ന് അധികൃതർ അറിയിച്ചതുപ്രകാരം യാത്രക്കാർ എത്തിയെങ്കിലും വിമാനം വീണ്ടും വൈകി. 31ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് വിമാനം സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്.