ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും.ആദ്യ രണ്ട് ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. പ്രോടേം സ്പീക്കർ മുതൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച വരെ ചൂടേറിയ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തിൽ നിന്നുള്ള പതിനെട്ട് എംപിമാരുടെ സത്യപ്രതിജ്ഞ.വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം പ്രോടേം സ്പീക്കർ പദവിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലിൽ നിന്ന് വിട്ടു നിൽക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനം എടുക്കും. ഡിഎംകെയുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. രാവിലെ പത്ത് മണിക്ക് പാർലമെൻറിൻറെ വളപ്പിൽ എത്താൻ കോൺഗ്രസ് എംപിമാർക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. എംപിമാർ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.
ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെൻറിൽ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിൻറെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങൾ ഉന്നയിച്ച് രാഹുൽഗാന്ധി ലോക്സഭയിൽ നോട്ടീസ് നൽകും.