റോത്തക്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിൽ തീ പടർന്നു. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ട്രെയിൻ യാത്രക്കാരിൽ ആരോ കയ്യിൽ കരുതിയ പടക്കം പൊട്ടിയതിന് പിന്നാലെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചാണ് കംപാർട്ട്മെന്റിൽ തീ പടർന്നത്.
ദില്ലിയിൽ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്. സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ കടന്ന് പോവേണ്ടിയിരുന്നത്. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. നാലിൽ അധികം യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാനായത് മൂലമാണ് വലിയ രീതിയിൽ അപകടം ഒഴിവാക്കാനായത്.
പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവ സ്ഥലം ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വാഡ് അടക്കം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. സൾഫർ, പൊട്ടാസ്യം സാന്നിധ്യമാണ് അഗ്നിബാധയുണ്ടായ സ്ഥലത്ത് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.