വ്യാജ ബോംബ് ഭീഷണി; പ്രതിസന്ധിയില്‍ കമ്പനികളും യാത്രക്കാരും

ഡല്‍ഹി: ഒരാഴ്ചയില്‍ ബോംബ് ഭീഷണി ഉണ്ടായത് ഇന്ത്യന്‍ എയര്‍ലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക്. അവയെല്ലാം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണി യാത്രക്കാരെയും വലിയ പ്രതിസന്ധിയിലാക്കി.

author-image
Rajesh T L
New Update
bomb threat

ഡല്‍ഹി: ഒരാഴ്ചയില്‍ ബോംബ് ഭീഷണി ഉണ്ടായത് ഇന്ത്യന്‍ എയര്‍ലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക്. അവയെല്ലാം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണി യാത്രക്കാരെയും വലിയ പ്രതിസന്ധിയിലാക്കി. നിര്‍ബന്ധിത അടിയന്തര നടപടികള്‍ക്ക് കാരണമായ ഭീഷണികള്‍ വ്യാജ ഭീഷണികളായിരുന്നു. എന്നാല്‍, ഭീഷണിയുടെ ഉറവിടങ്ങള്‍ അന്വേഷിക്കുന്നതിനിടയിലും  യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍  നെട്ടോട്ടമോടി. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബോംബ് ഭീഷണികള്‍ നേരിട്ട വിമാനക്കമ്പനികള്‍. പ്രത്യേകിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് കനത്ത തിരിച്ചടിയാണുണ്ടായത്. അവരുടെ ഏഴ് വിമാനങ്ങള്‍ക്കെങ്കിലും ബോംബ് ഭീഷണി ഉണ്ടായി. കുറഞ്ഞത് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും സമാനമായ ഭീഷണി നേരിട്ടു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റോയല്‍ എയര്‍ഫോഴ്സിന്റെ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് ഹീത്രൂ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നു, പിന്നീട്   ഇത് വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

മാര്‍ക്കറ്റ് വിഹിതമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, ഇസ്താംബൂളിലേക്കുള്ള രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ, അതിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വിമാനം പരിശോധിച്ച ശേഷം  ഭീഷണിയുണ്ടായ വിമാനങ്ങളിലെ എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങിയെന്നും  എയര്‍ലൈന്‍ സ്ഥിരീകരിച്ചു.

വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിവില്‍ ഏവിയേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും    സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു വ്യക്തമാക്കി. കാര്യങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ഇത്തരം ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് മന്ത്രാലയം അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ അവലോകനം  ചെയ്തു  വരികയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോംബ് ഭീഷണിക്ക് ഉത്തരവാദികളായ വ്യക്തികളെ നോ-ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും മന്ത്രാലയം പരിഗണിക്കുന്നു, ആവശ്യമെങ്കില്‍ നിയമ ഭേദഗതികള്‍ പരിശോധിക്കും. നിലവില്‍  വ്യാജ ബോംബ് ഭീഷണിക്കെതിരെ   ക്രിമിനല്‍ നിയമപ്രകാരമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.

bomb threat Bomb alert