പുണെ: ജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
സംഭവത്തിൽ, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ശൈലേന്ദ്ര പോളിന്റെ നേതൃത്വത്തിലുള്ള സംഘം പുണെയിലെ ഇ.വൈ. ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തിയത്. ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്. നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസം ജോലിസമയം. ആഴ്ചയില്‍ ഇത് 48 മണിക്കൂറാണ്.
എന്നാൽ , ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇ.വൈ. തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു അന്നയുടെ മരണത്തോട് കമ്പനിയുടെ പ്രതികരണം.
ജൂലായ് 20-നാണ് അന്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുകാരണം അമിതജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ ഇ.വൈയുടെ ഇന്ത്യയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു. അമിതജോലിഭാരം മൂലമാണ് മകള്‍ മരിച്ചതെന്നും ഇതില്‍ അസിസ്റ്റന്‍ഡ് മാനേജരുടേയും മാനേജരുടേയും ഭാഗത്ത് വീഴ്ചയുണ്ടെന്നും അന്വേഷണം വേണെന്നും പിതാവ് സിബി ജോസഫ് ആവശ്യപ്പെട്ടിരുന്നു.
2007 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസട്രേഷന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇത്രയും വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിരുന്നതായും ശൈലേന്ദ്ര പോള്‍ വ്യക്തമാക്കി. നിയമം അനുസരിക്കാത്തിനെത്തുടര്‍ന്ന് ജോലിക്കാര്‍ക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ ആറുമാസംവരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടുമോ ചുമത്താം.