എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അപകടത്തിൽപ്പെട്ടത് എട്ട് കോച്ചുകൾ

സംഭവത്തെ തുടർന്ന് ലുംഡിങ്- ബദർപൂർ സെക്ഷനിലെ ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി

author-image
Prana
New Update
tamilnadu train accident

അസമിൽ എക്‌സ്പ്രസ് ട്രെയിനിൻ്റെ എട്ട് കോച്ചുകൾ പാളം തെറ്റി. ത്രിപുരയിലെ അഗർത്തലയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്മാന്യ തിലക് എക്സ്പ്രസിന്റെ എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.55ഓടെ അസമിലെ ദിബോലോങ് സ്റ്റേഷനിലാണ് സംഭവം.

അപകടത്തിൽ മരണമോ കാര്യമായ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോൺ സിപിആർഒ അറിയിച്ചു. പാളം തെറ്റിയ കോച്ചുകളിൽ ട്രെയിനിൻ്റെ പവർ കാറും ഉൾപ്പെടുന്നു. ഇന്ന് രാവിലെയാണ് ട്രെയിൻ അഗർത്തലയിൽ നിന്ന് പുറപ്പെട്ടത്. ലുംഡിങ് ഡിവിഷനു കീഴിലുള്ള ലുംഡിങ്- ബർദാർപൂർ ഹിൽ സെക്ഷനിലാണ് അപകടമുണ്ടായത്.രക്ഷാപ്രവർത്തനത്തിനായി മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ഒരു അപകട ദുരിതാശ്വാസ ട്രെയിനും അപകട ദുരിതാശ്വാസ മെഡിക്കൽ ട്രെയിനും ലുംഡിങ്ങിൽ നിന്ന് അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ലുംഡിങ്- ബദർപൂർ സെക്ഷനിലെ ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി. 03674 263120, 03674 263126 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടതെന്ന് അധികൃതർ അറിയിച്ചു. 

train