ഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന ഫലമാണ് പുറത്തുവന്നത്. എൻഡിഎ 300 മുതൽ 340 വരെ സീറ്റുകൾ നേടുമെന്ന് വിവിധ എക്സിറ്റ് പോളുകള്‍ ഒരേപോലെ പ്രവചിച്ചിട്ടും 300 സീറ്റുകൾ പോലും നേടാനായില്ല.
ബി.ജെ.പിക്ക് ഭരണം നടത്താൻ വേണ്ട കേവല ഭൂരിപക്ഷവുമുണ്ടായില്ല. മാത്രമല്ല എക്സിറ്റ് പോളുകളുടെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതും ചര്‍ച്ചയായി. അവസാന ഘട്ട വോട്ടെടുപ്പിന് പിന്നാലെ സി.എന്‍.എന്‍.ന്യൂസ്,എന്‍ഡി ടിവി, റിപ്പബ്ലിക് ടിവി, എബിപി സീ വോട്ടര്‍, ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എന്നിവയുടെ എക്സിറ്റ് പോളുകളാണ് പുറത്തുവന്നത്. വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ചയുണ്ടാകും...എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ അടക്കമുള്ളവരും 2019ലെ ഫലം ആവര്‍ത്തിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ തന്‍റെ പ്രവചനങ്ങള്‍ തെറ്റിയതോടെ ഇനി എക്സിറ്റ് പോള്‍ പ്രവചനത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തൻ്റെ പ്രവചനങ്ങൾ തെറ്റിപ്പോയതായി അദ്ദേഹം തുറന്നു സമ്മതിച്ചു. തൻ്റെ തോൽവി ഞാനതിൻ്റെ പരിപൂർണാർത്ഥത്തിൽ സമ്മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.