മഹാരാഷ്ട്രയില്‍ കിട്ടിയ വമ്പന്‍ വിജയത്തിന്റെ ആഘോഷത്തിലാണ് ബിജെപി സഖ്യം. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കവും തുടരുന്നു. പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡേറ്റയില്‍ വന്‍ പൊരുത്തക്കേട് കണ്ടെത്തിയെന്നുള്ള വാര്‍ത്തകളാണ് അതിനിടയില്‍ പുറത്തുവരുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ആകെ പോള്‍ ചെയ്തത് 6,40 ,88,195 വോട്ടുകളാണ്. അതായത് 66.05 ആയിരുന്നു അന്തിമ വോട്ടിങ് ശതമാനം. എന്നാല്‍ എണ്ണിയ വോട്ടുകളുടെ ആകെ എണ്ണം 6,45,92,508 ആണ്. ഇത് മൊത്തം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 5,04,313 എണ്ണം അധികമാണ്.
എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയതെങ്കില്‍, ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയത്. പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേട് രേഖപ്പെടുത്തിയത്.
ഈ പൊരുത്തക്കേടുകള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍, പ്രത്യേകിച്ച് കടുത്ത മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളിലുള്ള പോളിങ് സ്വാധീനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നൂറോ ആയിരമോ വോട്ടുകളുടെ വ്യത്യാസം വലിയ പ്രശ്നങ്ങളാണ് കാണിക്കുന്നതെന്നും ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഇത്തരം പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുവെന്നും. അതിനാല്‍, ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നുമാണ് വാര്‍ത്തകള്‍.എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള ശരാശരി വ്യത്യാസം ഏകദേശം 1,751 വോട്ടുകളാണ്.
2024 മെയ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയും തമ്മില്‍ വ്യത്യാസമുള്ളതായി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടര്‍ പോളിങ് ഡാറ്റ പുറത്തുവിടാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ പോളിങ് കണക്കുകള്‍ തമ്മില്‍ 5-6% പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതാണ്.
വിഷയത്തില്‍ രൂക്ഷമായ പ്രതികരണമാണ് ശരദ്പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയിരിക്കുന്നത്.മഹാരാഷ്ട്രയിലെ തോല്‍വിക്ക് പിന്നാലെ രാജിവച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നാനാ പട്ടോലെയുടെ പ്രതികരണം.മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ജനങ്ങളുടെ വികാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കം തുടരുന്ന മുഖ്യമന്ത്രിക്കസേരയില്‍ അഭിപ്രായം പറഞ്ഞ് ശിവസേനാ നേതാവ് ദീപക് കെസാര്‍കാരും രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും തനിക്ക് സ്വീകാര്യമാണെന്നാണ് സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലെ മന്ത്രി കൂടിയായ ദീപക് കേസാര്‍കര്‍ പറഞ്ഞത്.
നിലവില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഗവര്‍ണര്‍ അദ്ദേഹത്തെ കാവല്‍ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മഹായുതി നേതാക്കള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കേസാര്‍കര്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് തീരുമാനമെടുത്താലും അത് തനിക്ക് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം തനിക്ക് പിന്തുണ അറിയിക്കുന്നതിനായി മുംബൈയില്‍ ഒത്തുകൂടുകയോ ഒരുമിച്ചു ചേരുകയോ ചെയ്യരുതെന്ന് ഏക്‌നാഥ് ഷിന്‍ഡെ തന്റെ തന്റെ പാര്‍ട്ടിയുടെ അനുയായികളോട് പറഞ്ഞിട്ടുണ്ട്.