ജയിച്ചാല്‍ ഇവിഎം നല്ലത്, തോറ്റാല്‍ മോശം: ബാലറ്റ് ആവശ്യം തള്ളി സുപ്രീംകോടതി

നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

author-image
Prana
New Update
Supreme Court

തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസ് മാരായ വിക്രം നാഥ്, പി.ബി വാരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
ഡോ. കെ.എ. പോള്‍ ആണ് ഇ.വി.എമ്മുകള്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങി പല പ്രമുഖ നേതാക്കളും ഇ.വി.എം മെഷിനുകളെ കുറിച്ച് ആശങ്ക രേഖപെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തിരഞ്ഞെടുപ്പുകളില്‍ ജയിക്കുമ്പോള്‍ ഇവര്‍ ആരും ഇ.വി.എം മെഷീനുകളെ കുറ്റപ്പെടുത്താറില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇ.വി.എം മെഷിനുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇപ്പോളും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോണ്‍ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പോലും ഇ.വി.എമ്മുകളിലെ കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹര്‍ജിക്കാന്‍ ചൂണ്ടിക്കാട്ടി. 150ഓളം രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നതില്‍ എന്തിനാണ് എതിര്‍പ്പെന്നും സുപ്രീംകോടതി ആരാഞ്ഞു.

Supreme Court Voting evm mechine