ന്യൂഡൽഹി: ഇപിഎസ് പെൻഷൻകാർക്ക് 2025 ജനുവരി 1 മുതൽ ഇന്ത്യയിലെ ഏത് ബാങ്കിൽ നിന്നും ഏത് ശാഖയിൽ നിന്നും പെൻഷൻ ലഭിക്കും. ഇപിഎഫ്ഒയുടെ 78 ലക്ഷത്തിലധികം പെൻഷൻകാർക്ക് ഇത് പ്രയോജനമാകും. ഇപിഎഫ്ഒയുടെ കേന്ദ്രീകൃത ഐടി എനേബിൾഡ് സിസ്റ്റത്തിന്റെ ഭാഗമായാണ് സൗകര്യം ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനത്തിലേക്ക് സുഗമമായ മാറ്റമുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം പറയുന്നു.
ഇപിഎഫ്ഒയുടെ ഓരോ സോണൽ/റീജിയണൽ ഓഫിസും 3-4 ബാങ്കുകളുമായി മാത്രം പ്രത്യേക കരാറുകൾ നിലനിർത്തുന്ന വികേന്ദ്രീകൃതമായ നിലവിലുള്ള പെൻഷൻ വിതരണ സംവിധാനത്തിൽ നിന്നുള്ള മാറ്റമാണ് ഇത്. പെൻഷൻ ആരംഭിക്കുന്ന സമയത്ത് പെൻഷൻകാർ ഏതെങ്കിലും വെരിഫിക്കേഷനായി ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. കൂടാതെ പെൻഷൻ റിലീസ് ചെയ്ത ഉടൻ തന്നെ ക്രെഡിറ്റ് ചെയ്യപ്പെടും. പുതിയ സംവിധാനത്തിലേക്ക് മാറിയതിനു ശേഷം പെൻഷൻ വിതരണത്തിനുണ്ടാകുന്ന ഗണ്യമായ ചെലവ് കുറയുമെന്നും ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നു.