അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് കർണാടകയിലും വന്നേക്കും. കർണാടകത്തിലെ വനങ്ങളിലും പർവതപ്രദേശങ്ങളിലുമാണ് കർണാടക സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കർണാടകയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങൾ വരും.
ടൂറിസം നയങ്ങളിൽ മാറ്റംവരുത്താൻ കർണാടക സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് കർണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങൾ തുടർന്നാൽ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവർ പറയുന്നു.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കർണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.