ന്യൂഡൽഹി: താൻ സജീവ രാഷ്‌ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര.തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അമേഠിയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തൻ്റെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും റോബർട്ട് വദ്ര കുറ്റപ്പെടുത്തി.
" രാജ്യത്തെ ജനങ്ങൾ ഞാൻ എപ്പോഴും സജീവമായ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. ആളുകൾ എപ്പോഴും ഞാൻ അവരുടെ പ്രദേശത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.1999 മുതൽ ഞാൻ അവിടെ (അമേഠി) പ്രചാരണം നടത്തി. സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തൻ്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല,” അമേഠി ലോക്‌സഭാ സീറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് വദ്ര മറുപടി നൽകി.
അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയെ തുരത്താൻ അവർ ആഗ്രഹിക്കുന്നു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങൾ ഗാന്ധി കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അമേഠിയിലെ ഗൗരിഗഞ്ച് ഏരിയയിലെ പാർട്ടി ഓഫീസിന് പുറത്ത് റോബർട്ട് വദ്രയുടെ ചിത്രമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ വദ്രയ്ക്ക് ടിക്കറ്റ് ലഭിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു.അതെസമയം റായ്ബറേലിയിൽ നിന്നും അമേഠിയിൽ നിന്നും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുമെന്നാണ് വിവരം.ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അടുത്തയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി വിജയിച്ചത്.ഇത്തവണയും സ്മൃതി ഇറാനിയെ തന്നെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് ധാരണ പ്രകാരം 17 സീറ്റുകളിൽ കോൺഗ്രസും ബാക്കി 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും മത്സരിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20ന് അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.