ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാളിൻ്റെ ഫോണിൽ നിന്ന് എഎപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രത്തിൻ്റെ വിശദാംശങ്ങൾ ശേഖരിക്കാൻ ഇ.ഡി ശ്രമിക്കുന്നതായി മുതിർന്ന എഎപി നേതാവ് അതിഷി ആരോപിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ എഎപി ദേശീയ കൺവീനറായ കെജ്‌രിവാളിനെ മാർച്ച് 21 നാണ് കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പുള്ള കെജ്‌രിവാളിൻ്റെ മൊബൈൽ ഫോണിലെ വിശദാംശങ്ങൽ ഇഡി പരിശോധിക്കുകയാണ്.ആ സമയത്ത് മദ്യനയം പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നെന്നും ഇ.ഡ് ബിജെപിയുടെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുകയാണെന്നും പത്രസമ്മേളനത്തിൽ അതിഷി ആരോപിച്ചു. കെജ്‌രിവാളിൻ്റെ പുതിയ ഫോണിൻ്റെ പാസ്‌വേഡ് വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നതെന്നും അതിഷി പറഞ്ഞു.
"യഥാർത്ഥത്തിൽ ബിജെപിയാണ് കെജ്‌രിവാളിൻ്റെ ഫോണിൽ എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നത്, ഇഡി അല്ല".എഎപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, പ്രചാരണ പദ്ധതികൾ, ഇന്ത്യാ മുന്നണി നേതാക്കളുമായുള്ള ചർച്ചകൾ, മീഡിയ, സോഷ്യൽ മീഡിയ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് അവർക്ക് പുതിയ ഫോൺ വേണ്ടത്," അതിഷി വ്യക്തമാക്കി. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എഎപി, ടിഎംസി, കോൺഗ്രസ്, ഡിഎംകെ, എസ്പി എന്നിവയുൾപ്പെടെ ചില പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത്.
കേസിൽ റോസ് അവന്യൂ കോടതി കെജ്രിവാളിനെ ഏപ്രിൽ 1 വരെ കസ്റ്റഡി നീട്ടിയതിനു പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം. ആറ് ദിവസത്തെ ഇഡി കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള ഹർജി തള്ളിയിരുന്നു. കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ചില ചിലരോടൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഡൽഹി ഹൈക്കോടതി കസ്റ്റഡി നീട്ടിയത്.