ബെംഗളൂരു : സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ എക്‌സിന് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി, പിന്നാലെ ലാലുവിന്റെ തിരുത്തല്‍ സംവരണവുമായി ബന്ധപ്പെട്ട വിവാദ ദൃശ്യം പങ്ക് വെച്ചതിന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, സംസ്ഥാനാധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്ക് എതിരെ കര്‍ണാടക പൊലീസ് കേസും എടുത്തിട്ടുണ്ട്.
കര്‍ണാടകയില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിക്കുന്നതിന് തൊട്ട് മുന്‍പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.