ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ , രാജ്യത്തിൻറെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കമ്മിഷൻറെ പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍, പ്രതികരിക്കാന്‍ വിസമ്മതിക്കുന്നുവെന്നായിരുന്നു കമ്മിഷന്‍ വക്താവിൻറെ മറുപടി.
അതേസമയം, പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി. പ്രതികരിച്ചു. പ്രതിപക്ഷത്തിൻറെ ഭൂതകാലത്തിലേക്ക് നേരെ പ്രധാനമന്ത്രി കണ്ണാടി തിരിച്ചുവെച്ചപ്പോള്‍ അവര്‍ക്ക് വേദനിച്ചുവെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
കഴിഞ്ഞദിവസത്തെ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു അലിഗഢില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. സൗദിയുടെ കീരീടവകാശിയുമായി താന്‍ സംസാരിച്ച് ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുകയും വിസ നിയമങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. മുത്തലാഖ് നിരോധനത്തിലൂടെ മോദി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ജീവിതം സുരക്ഷിതമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.