ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നല്‍കി. ഗാനത്തിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് അനുമതി ലഭിച്ചത്. പരാമര്‍ശങ്ങള്‍ ഒഴിവാക്കിയുള്ള ഗാനം ആം ആദ്മി പാര്‍ട്ടി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. സത്യം വിജയിച്ചെന്ന് ആം ആദ്മി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രചരണ ഗാനത്തെ ചൊല്ലി തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാര്‍ട്ടിക്കും ഇടയില്‍ ഉണ്ടായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനം ബിജെപിക്ക് വേണ്ടിയാണെന്നും ആം ആദ്മി പാര്‍ട്ടി നല്‍കിയ നാല് പരാതികളിലും നടപടി എടുത്തിട്ടില്ലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു.
രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'ജയില്‍ കാ ജവാബ് വോട്ട് സേ' എന്ന പ്രചാരണ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഉയര്‍ന്ന വികാരം വോട്ടാക്കാനാണ് പ്രചാരണഗാനവും അതെ ആശയത്തില്‍ പാര്‍ട്ടി പുറത്തിറക്കിയത്. പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി പരാതി നല്‍കിയതോടെയാണ് കമ്മീഷന്‍ ഗാനത്തില്‍ മാറ്റത്തിന് നിര്‍ദ്ദേശിച്ചത്.