ന്യൂഡൽഹി: ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തമുണ്ടായ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഡൽഹിയിലെ വിവേക് വിഹാർ ബേബി കെയർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടുത്തത്തിൽ 7 നവജാത ശിശുക്കളാണ് മരിച്ചത്.
“ഡൽഹിയിലെ വിവേക് വിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികൾ മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണ്. ഈയൊരു നഷ്ടം താങ്ങാൻ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ദൈവം ശക്തി നൽകട്ടെ. പരിക്കേറ്റ കുഞ്ഞുങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു,” എക്‌സിൽ രാഷ്‌ട്രപതി കുറിച്ചു.
12 കുട്ടികളെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ഏഴ് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതായും അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡൽഹി പോലീസ് പറഞ്ഞു. ആശുപത്രിയുടെ ഉടമ നവീൻ കിച്ചി സംഭവത്തിനുശേഷം ഒളിവിലാണ്. അഗ്നിശമനസേന രണ്ട് ടീമുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓക്സിജൻ സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെന്ന് സംഘത്തിന് നേതൃത്വം നൽകിയ അഗ്നിശമനസേന വിഭാഗം ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.