ചെരിപ്പ് അഴിച്ചുവെക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം

രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായിരുന്നു മര്‍ദനത്തിന് കാരണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

author-image
Prana
New Update
doctor attacked
Listen to this article
0.75x 1x 1.5x
00:00 / 00:00

സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേര്‍ന്ന് മര്‍ദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായിരുന്നു മര്‍ദനത്തിന് കാരണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗുജറാത്തിലെ ഭാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടറായ ജയ്ദീപ് സിങ് ഗോഹിലിനെയാണ് രോഗിയായ സ്ത്രീക്കൊപ്പം എത്തിയ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
തലയ്ക്ക് പരിക്കേറ്റാണ് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിതവിഭാഗത്തിലെ മുറിയില്‍ ചികിത്സ നല്‍കുന്നതിനിടെ ഡോ. ജയ്ദീപ് സിങ് ഗോഹില്‍ ഇവിടേക്കെത്തി. തുടര്‍ന്ന് സ്ത്രീക്കൊപ്പം വന്ന യുവാവിനോട് ചെരിപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്നവരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു.
ഡോക്ടര്‍ ഇതിനിടെ മര്‍ദനം ചെറുക്കാനുള്ള ശ്രമങ്ങളും നടത്തി. ചികിത്സയിലായിരുന്ന സ്ത്രീ കട്ടിലില്‍നിന്ന് എഴുന്നേറ്റ് അക്രമികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തില്‍ ആശുപത്രി ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഹിരേന്‍ ദാംഗര്‍, ഭാവ്ദീപ് ദാംഗര്‍, കൗഷിക് കുവാഡിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ബി.എന്‍.എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു.

 

gujarat doctor brutally beaten