കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനായി കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ട് തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തില്‍ വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നാണ് ശിവകുമാറിന്റെ ആരോപണം.
ആരോപണം ഉന്നയിക്കുമ്പോഴും യാഗം നടത്തി എന്ന് പറയുന്ന ഒരാളുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര്‍ണാടകയിലെ ചില രാഷ്ട്രീയക്കാര്‍ ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് അറിയാമെന്നും, എന്നാല്‍ ഇതൊന്നും തനിക്ക് ഏല്‍ക്കില്ലെന്നുമാണ് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം ഡി കെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ആരോപണം വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തില്‍ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവന്‍ പറഞ്ഞു.