ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിൽ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പി.സി.സി. അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. 28 സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയംനേടുമെന്ന് ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'136 സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞത്. അത് യാഥാര്‍ഥ്യമായി. കോണ്‍ഗ്രസ് ആഭ്യന്തരസര്‍വേ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകള്‍ ഇത്തവണ നേടും. ആര്‍.എസ്.എസിന്റെ ശക്തികേന്ദ്രമായ ധാര്‍വാഡിലും ദക്ഷിണകന്നഡയിലുമടക്കം കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെന്നും' ശിവകുമാർ പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എന്‍.ഡി.എ. 20 സീറ്റുകള്‍ നേടുമെന്ന് ടി.വി9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് പറയുമ്പോള്‍, കോണ്‍ഗ്രസ് എട്ട് സീറ്റുനേടുമെന്നാണ് പ്രവചനം.