ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 59 ലക്ഷം രൂപ. പോലീസിന്റേയും സി.ബി.ഐയുടേയും പേരില്‍ വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈനില്‍ വ്യാജമായി കോടതി കൂടുകയും വിചാരണ നടത്തുകയും ജാമ്യം നിഷേധിക്കുകയും ഉത്തരവിറക്കുകയുമെല്ലാം ചെയ്താണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്.
ബെംഗളൂരുവിലെ സി.വി. രാമന്‍ നഗറില്‍ താമസിക്കുന്ന 59കാരനായ കെ.ജെ. റാവുവാണ് തട്ടിപ്പിന് ഇരയായത്. ബഹുരാഷ്ട്ര കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പോലീസില്‍ വിവരം അറിയിച്ചതോടെ അവര്‍ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതി നല്‍കുകയും ചെയ്തു. വ്യത്യസ്ത യു.പി.ഐ. ഐ.ഡികള്‍ വഴി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 12ന് രാവിലെ 11 മണിക്കും 13ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് റാവു പറയുന്നു. പ്രതികള്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. സെപ്റ്റംബര്‍ 11ന് വന്ന ഒരു ഫോണ്‍കോളായിരുന്നു എല്ലാത്തിന്റേയും തുടക്കം. തന്റെ മൊബൈല്‍ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും എന്നാണ് ആ ഓട്ടോമാറ്റിക് കോളില്‍ പറഞ്ഞത്.
ഇതിന് ശേഷം കോള്‍ മറ്റൊരാളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മുംബൈയിലെ െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. തന്റെ മൊബൈല്‍ നമ്പര്‍ കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. തനിക്ക് അത്തരമൊരു അക്കൗണ്ട് ഇല്ല എന്ന് ഉറപ്പുള്ളതിനാല്‍ റാവു ഫോണ്‍ വെച്ചു.
പിന്നീട് വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളാണ് വന്നത്. പോലീസ് യൂണിഫോം ധരിച്ച ഒരാളാണ് കോളില്‍ വന്നത്. അയാളോട് താന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങാമെന്ന് പറഞ്ഞെങ്കിലും ലോക്കല്‍ പോലീസിന് ഇക്കാര്യത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് അതിന് സമ്മതിച്ചില്ല.
പിന്നീട് കോള്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് കൈമാറി. രാഹുല്‍ ഗുപ്ത എന്ന് പേര് പറഞ്ഞ അയാളാണ് താന്‍ ഡിജിറ്റല്‍ അറസ്റ്റിലാണ് എന്ന് പറഞ്ഞതെന്ന് റാവു പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് പോയ റാവു മുറിയില്‍ കയറി വാതിലടച്ച് ഇരുന്നു. ഈ സമയം തട്ടിപ്പുകാര്‍ സ്‌കൈപ്പില്‍ വീണ്ടും വീഡിയോ കോള്‍ ചെയ്തു.
ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്ന് പറഞ്ഞ ശേഷം കോള്‍ 'കോടതി'യിലേക്ക് കൈമാറി. യഥാര്‍ഥ കോടതിയുടെ അതേ സജ്ജീകരണങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. 'ജഡ്ജി'യോട് 'പ്രോസിക്യൂഷന്‍' കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നാണ് 'കോടതി' ഉത്തരവ് പാസാക്കിയത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് 59 ലക്ഷം രൂപ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയക്കണമെന്നായിരുന്നു 'വിധി'. തുടര്‍ന്നാണ് റാവു 59 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്.
തന്നെ രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ സ്‌കൈപ്പ് കോളില്‍ നോക്കിയിരുന്നുവെന്നും സംഭവത്തോടെ തന്റെ മനസ് ശൂന്യമായിപ്പോയെന്നും റാവു പറഞ്ഞു. കുടുംബം മുംബൈയിലായതിനാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കാന്‍ തനിക്കൊപ്പം ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പരിതപിച്ചു. തട്ടിപ്പാണെന്ന് മനസിലായ ഉടന്‍ അദ്ദേഹം ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.