മുംബൈ: ധാരാവി ചേരികൾ പുനർനിർമിക്കുന്ന പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാരിൻ്റെ വകുപ്പുകളിലേക്കല്ലാതെ അദാനി ഗ്രൂപ്പിന് ഭൂമി കൈമാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീടുകൾ നിർമ്മിച്ച് അതേ വകുപ്പുകൾക്ക് തന്നെ കൈമാറും. മഹാരാഷ്ട്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളിലൂടെയാകും ധാരാവിയിലെ താമസക്കാർക്ക് വീട് ലഭിക്കുക.
ധാരാവി സ്ലം റീഡെവലപ്മെൻ്റ് പ്രോജക്ട് അന്താരാഷ്ട്ര ലേലത്തിൽ ടെൻ്റർ സ്വന്തമാക്കിയത് അദാനി ഗ്രൂപ്പാണ്. മഹാരാഷ്ട്ര സർക്കാരുമായുള്ള സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്മെൻ്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാകും അദാനി ഗ്രൂപ്പ് വീടുകൾ നിർമിച്ച് നൽകുക. എംപി വർഷ ഗെയ്‌ക്‌വാദ് നടത്തിയ ഭൂമി കൈയേറ്റ ആരോപണങ്ങൾ അധികൃതർനിഷേധിച്ചു.
ടെൻ്റർ പ്രകാരം സർക്കാർ തീരുമാനിച്ച നിരക്കിൽ ധാരാവി റീഡെവലപ്മെൻ്റ് പ്രോജക്ട്/സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിക്ക് ഭൂമി അനുവദിച്ചതായി അധികൃതർ പറഞ്ഞു. ധാരാവിയിൽ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും എല്ലാവർക്കും വീട് ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.