ന്യൂഡല്‍ഹി: സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കാനുള്ള സമയം ചൊവ്വാഴ്ച ഉച്ചയോടെ അവസാനിക്കാനിരിക്കെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി സംബന്ധിച്ചുള്ള സമവായ ചര്‍ച്ചയ്ക്ക് പ്രതിപക്ഷവുമായി സംസാരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെയുമാണ് ചുമതലപ്പെടുത്തിയത്.
പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിന്‍, മമതാ ബാനര്‍ജി എന്നിവരുമായി രാജ്‌നാഥ് സിങ് ചര്‍ച്ചനടത്തിയെന്നാണ് വിവരം.
ചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഖാര്‍ഗെ ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും നിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അംഗബലം കൂടിയ സാഹചര്യത്തില്‍ ഇത്തവണ നിഷേധിക്കുകയാണെങ്കില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
17-ാം ലോക്‌സഭയില്‍ സ്പീക്കറായിരുന്ന ഓം ബിര്‍ളയെ ഇത്തവണയും നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓം ബിര്‍ള കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്ത ഭര്‍തൃഹരി മെഹ്താബിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തെ പരിഗണിക്കാതിരുന്ന മോദി സര്‍ക്കാര്‍ 2014-ല്‍ എഐഎഡിഎംകെയുടെ എം. തമ്പി ദുരൈയെ ആണ് തിരഞ്ഞെടുത്തത്. 2019 മുതല്‍ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്.