ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയും കോ ഓർഡിനേറ്ററും അറസ്റ്റിൽ. ഇവർക്കെതിരെ ക്രിമിനൽ കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.അപകടത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡി.സി.പി എം. ഹർഷ വർധനൻ അറിയിച്ചു.
കനത്ത മഴയിൽ ഡൽഹിയിലെ ഓൾഡ് രാജേന്ദ്രർ നഗറിലെ റാവൂസ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്.ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡെൽവിൻ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്.
45 വിദ്യാർഥികളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകർന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് ആരോപണമുയർന്നത്.സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം തുടരുകയാണ്.