ന്യൂഡൽഹി: എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ കേസെടുത്ത് പൊലീസ്.സ്വാതി മലിവാൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്. ഐപിസി സെക്ഷൻ 354, 506, 509, 323 എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കെജ്‍രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയപ്പോൾ മയത്ത് അതിക്രമം നേരിട്ടുവെന്നാണ് സ്വാതിയുടെ പരാതി.പരാതി നൽകിയ വിവരം സ്വാതി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈഭവ് കുമാർ തന്നെ ആക്രമിച്ചെന്ന് കാണിച്ച് ഡൽഹി വനിതാ കമ്മീഷൻ മുൻ മേധാവി സ്വാതി മലിവാൾ പൊലീസിനെ സമീപിച്ചത്.കെജ്‌രിവാളിന്റെ വസതിയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് സ്വാതി മലിവാൾ വെളിപ്പെടുത്തിയിരുന്നു.ആക്രമണം നടന്നതായി എഎപി നേതാക്കളും സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, വിഷയത്തിൽ പൊലീസ് ഇടപെട്ടിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ, വ്യാഴാഴ്ച ഉച്ചക്ക് ഡൽഹി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.സ്വാതി മലിവാളിന്റെ ആരോപണത്തിൽ ബൈഭവ് കുമാറിനെ വനിതാ കമ്മീഷൻ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നിർദേശം. സ്വാതി മലിവാളിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ബൈഭവ് കുമാറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ഹാജരായില്ലെങ്കിൽ ബൈഭവ് കുമാറിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു.