ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ മൊഴി നൽകി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായയ രാഘവ് മഗുന്ദ റെഡ്ഡിയുടെ പിതാവ് മഗുന്ദ ശ്രീനിവാസലു റെഡ്ഡിക്ക് ലോക്സഭ ടിക്കറ്റ് നൽകി ബി.ജെ.പി.ആന്ധ്രാപ്രദേശിലെ ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ബാനറിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ റെഡ്ഡി മത്സരിക്കുക.ഓങ്കോളെയിൽ നിന്നാണ് റെഡ്ഡി ജനവിധി തേടുക.
ഫെബ്രുവരി 28നാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി വിട്ട് റെഡ്ഡി ടി.ഡി.പിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.ഡി.പിക്കായി അച്ഛനും മകനും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം. 2023 ഫെബ്രുവരിയിലാണ് മദ്യനയ അഴിമതിക്കേസിൽ മുഗുന്ദ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.തുടർന്ന് അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നൽകി മാപ്പുസാക്ഷിയായി മാറിയതോടെ 2023 ഒക്ടോബറിൽ ജാമ്യം ലഭിക്കുകയായിരുന്നു.
ഓങ്കോളെയിൽ നിന്ന് നാലുതവണ ശ്രീനിവാസലു എം.പിയായിട്ടുണ്ട്. ഇത്തവണ മകനെ ഇവിടെ നിന്ന് മത്സരിപ്പിക്കണമെന്നായിരുന്നു റെഡ്ഡിയുടെ ആഗ്രഹം. എന്നാൽ മദ്യനയ കേസിൽ പ്രതിയായതോടെ അത് അവസാനിച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവർ നടത്തിയ ഗൂഢാലോചനയാണ് ഡൽഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
കെജ്രിവാളിൻ്റെ പാർട്ടിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) 100 കോടി രൂപ നൽകിയതായി ആരോപിക്കപ്പെടുന്ന 'സൗത്ത് ഗ്രൂപ്പിലെ അംഗമാണ് ശ്രീനിവാസുലു റെഡ്ഡി. സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളിൽ ഒമ്പതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനം മാർജിനും ചെറുകിടക്കാർക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തിൽനിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരിൽനിന്ന് തിരികെ എ.എ.പി നേതാക്കൾക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം.