ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിലാണ് കോടതി വിധി.അറസ്റ്റ് അനിവാര്യമാണോയെന്ന് പരിശോധിക്കുന്നതിനായി കെജ്‍രിവാളിന്റെ ഹർജി കോടതി വിശാലബെഞ്ചിന് വിട്ടു.
കള്ളപ്പണ നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റ് സാധൂകരിക്കപ്പെടുന്നുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെയുള്ള ജയിൽശിക്ഷ പരിഗണിച്ച് കെജ്‌രിവാളിന് ഇടക്കാലജാമ്യം കോടതി അനുവദിക്കുകയായിരുന്നു. ഇടക്കാലജാമ്യം സംബന്ധിച്ചുള്ള കാര്യങ്ങൾ പരിഷ്കരിക്കാനുള്ള അധികാരം വിശാല ബെഞ്ചിന് നൽകുകയും ചെയ്തിട്ടുണ്ട്.
കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 21നായിരുന്നു ഇഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം ജയിലിൽ കഴിയുകയായിരുന്ന കെജ്‍രിവാളിന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.
മേയ് പത്തിനായിരുന്നു കെജ്‍രിവാൾ ജയിൽ മോചിതനായത്. ജൂൺ രണ്ട് വരെയായിരുന്നു ജാമ്യം.ഇഡിയുടെ അറസ്റ്റിനെതിരെ ഡൽഹി ഹൈക്കോടതിയെയായിരുന്നു കെജ്‍രിവാൾ ആദ്യം സമീപിച്ചത്.എന്നാൽ ഏപ്രിൽ ഒൻപതിന് കെജ്‍രിവാളിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. ശേഷമാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.