ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്തിട്ടില്ല. അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരുന്നോ ജയിലിൽ കഴിയുകയോ ചെയ്യുന്ന കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനാവില്ല.അതിനാൽ ചുമതല മറ്റൊരാൾക്ക് കൈമാറുകയോ ഒഴിയുകയോ വേണമെന്ന് ലഫ്. ഗവർണറിലൂടെ കേന്ദ്രസർക്കാർ കെജ്രിവാളിനോട് ആവശ്യപ്പെടാൻ സാധ്യത ഏറെയാണ്.തയ്യാറാകാത്തപക്ഷം കെജ്രിവാളിനെയും അതുവഴി ആം ആദ്മി പാർട്ടി മന്ത്രിസഭയെയും ഡിസ്മിസ് ചെയ്യാൻ കേന്ദ്രം മടിക്കില്ല.അതൊരുപക്ഷെ ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിലേക്കുള്ള ചുവടുവെപ്പാണ്.
തലസ്ഥാന നഗരം തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കില്ല.പുറത്താക്കപ്പെട്ടാൽ വീണ്ടും അധികാരത്തിൽ വരുന്നത് നിലവിലെ സാഹചര്യങ്ങളിൽ എഎപിയ്ക്ക് ശ്രമകരമായി മാറും. അഴിമതിക്കെതിരായ യുദ്ധവും ജനപ്രിയ നടപടികളും മുൻ സർക്കാറുകൾക്കെതിരായ ജനരോഷവുമാണ് അരവിന്ദ് കെജ്രിവാൾ അധികാരത്തിലേറുന്നതിന് ഘടകങ്ങളായത്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ കെജ്രിവാളിന്, മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായെന്ന പ്രതിഛായയാണ് മോദിസർക്കാർ നൽകുന്നത്.കോർപറേറ്റുകൾക്ക് ഒത്താശചെയ്തതിന് പ്രത്യുപകാരമായി ഇലക്ടറൽ ബോണ്ടു വഴി ബി.ജെ.പിക്കായി കോടികൾ സമ്പാദിച്ചുവെന്ന കുറ്റം മോദിസർക്കാർ നേരിടുന്നുവെന്നത് മറുപുറം.
എന്നാൽ മുൻകാലങ്ങളിൽ ആം ആദ്മി പാർട്ടിയോട് ഡൽഹിയിലെ ജനങ്ങൾക്കുണ്ടായിരുന്ന പിന്തുണ അതേപടി ആവാഹിക്കാൻ കെജ്രിവാൾ അറസ്റ്റുചെയ്യപ്പെട്ട സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയ്ക്ക് കഴിയാത്തത് ബി.ജെ.പിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.അതിനാൽ എഎപി വീഴാതിരിക്കാൻ പ്രതിപക്ഷ മുന്നണിക്കൊപ്പംനിന്ന് കോൺഗ്രസുമായി സഹകരണത്തിൻറെ പാലമിടാൻ കെജ്രിവാൾ ശ്രദ്ധിച്ചതിൻറെ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്-എഎപി സീറ്റ് പങ്കിടൽ. എന്നാൽ, ഇനിയും ഡൽഹിയിൽ ശൗര്യം വീണ്ടെടുക്കാൻ കഴിയാത്ത കോൺഗ്രസിന് കെജ്രിവാളിൻറെ അസാന്നിധ്യത്തിൽ തെരഞ്ഞെടുപ്പു കളത്തിൽ ബി.ജെ.പിയെ നേരിടാൻ പ്രയാസപ്പെടേണ്ടിവരും.
ആം ആദ്മി പാർട്ടിയാകട്ടെ കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങി മുൻനിരയിലെ നാലു നേതാക്കളില്ലാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കാതെ നോക്കാൻ ധനമന്ത്രി അതിഷി അടക്കം മറ്റു നേതാക്കൾക്ക് കഴിയുമോ എന്ന് കണ്ടറിയണം. പാർട്ടിയുടെ നേതൃത്വം കെജ്രിവാൾ ആർക്കു കൈമാറും, സംഘടിതമായ പ്രവർത്തനം എത്രത്തോളം സാധ്യമാകും തുടങ്ങിയ വിഷയങ്ങളും ചുറുചുറുക്കിൻറെ ചരിത്രമുള്ള എഎപിയ്ക്ക് മുന്നിലുണ്ട്.