ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിഞ്ഞിരുന്ന ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തോളമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്.കേസിൽ സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.നേരത്തെ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇ.ഡി സഞ്ജയ് സിംഗിൻ്റെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
അതെസമയം മദ്യനയ അഴിമതിക്കേസിൽ അഭിപ്രായം പറയരുതെന്ന് സഞ്ജയ് സിങ്ങിന് സുപ്രീം കോടതി നിർദേശം നൽകി.മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.