ന്യൂഡൽഹി: 78 ആമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാകയുയർത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ ഭിന്നത. വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് പകരം ഡൽഹി ആഭ്യന്തരമന്ത്രി കൈലാഷ് ഗലോട്ടിനെ പതാകയുയർത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന തിരഞ്ഞെടുത്തതാണു പുതിയ ചർച്ചയായത്.
താൻ ജയിലിലായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷി തന്റെ ചുമതലകൾ നിർവഹിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ സക്സേനയ്ക്ക് കത്ത് നൽകിയിരുന്നു. കേജ്‌രിവാളിന്റെ നിർദേശം അസാധുവാണെന്നു പറഞ്ഞ് സക്സേന തള്ളിക്കളഞ്ഞിരുന്നു. ഇത് മുഖവിലയ്ക്ക് എടുക്കാതെയാണു സക്സേനയുടെ തീരുമാനമെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. സക്സേന വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എഎപി ആരോപിച്ചു.
സ്വാതന്ത്ര്യദിന പരേഡും പതാക ഉയർത്തലും ഡൽഹി പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വകുപ്പിനെയാണ് ഏൽപ്പിക്കേണ്ടത് എന്നതിനാലാണ് ഗലോട്ടിനെ നിർദേശിച്ചതെന്നു ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് പുറത്തിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.