ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനെതിരെ ബിജെപി നേതാവ് നൽകിയ അപകീർത്തിക്കേസ് റദ്ദാക്കണമെന്ന ശശി തരൂർ എംപിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ച തരൂരിന്റെ പരാമർശത്തിൽ നൽകിയ കേസുമായി ബന്ധപ്പെട്ട ഹർജിയാണു തള്ളിയത്.
‘‘ഒരു ആർഎസ്എസ് നേതാവ് മോദിയെ ശിവലിംഗത്തിലെ തേളെന്നാണു വിശേഷിപ്പിച്ചതെന്നും വളരെ ഉചിതമായ വിശേഷണമാണ് അതെന്നുമായിരുന്നു തരൂർ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് അപകീർത്തിക്കേസുമായി കോടതിയെ സമീപിച്ചത്. തരൂരിന്റെ പരാമർശം തന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണു ഹൈക്കോടതിയുടെ പുതിയ വിധി. സെപ്റ്റംബർ 10ന് തരൂരും ബബ്ബാറും കോടതിയിൽ വിചാരണയ്ക്കായി ഹാജരാകണമെന്നും ജസ്റ്റിസ് അനൂപ് കുമാർ മെന്ദിരാട്ട പറഞ്ഞു. 2018ൽ ബെംഗളൂരു സാഹിത്യോത്സവത്തിൽ പ്രസംഗിക്കവേയാണു കേസിനാസ്പദമായ പരാമർശം തരൂരിൽ നിന്നുണ്ടായത്.