ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.‘ദൈവത്തിൻ്റെയും ആരാധനാലയത്തിൻ്റെയും’ പേരിൽ വോട്ട് ചോദിച്ച് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്നാരോപിച്ച് നരേന്ദ്ര മോദിയെ ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.ആനന്ദ് എസ് ജോൻഡാലെയാണ് ഹർജി സമർപ്പിച്ചത്.
ഏപ്രിൽ ആറിന് ഉത്തർപ്രദേശിലെ പിൽഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി ഹിന്ദു, സിഖ് ദേവതകളെ കുറിച്ച് പരാമർശം നടത്തിയെന്ന് ആനന്ദ് തൻ്റെ ഹർജിയിൽ പറഞ്ഞിരുന്നു.എന്നാൽ ഈ ഹർജിയിൽ കഴമ്പില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് സച്ചിൻ ദത്ത അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.സമാനമായ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും രംഗത്തെത്താത്ത സാഹചര്യത്തിൽ ഹർജിക്കാരൻ കോടതിയെ സമീപിച്ചതിനാൽ ഈ ഹർജി വളരെ തെറ്റിദ്ധാരണാജനകമാണെന്ന് കോടതി വിലയിരുത്തി.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഇന്ത്യാ മുന്നണി പാർട്ടികൾ എന്നും വെറുക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു."അവർ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ' ക്ഷണം നിരസിക്കുകയും രാംലല്ലയെ അപമാനിക്കുകയും ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത അവരുടെ പാർട്ടിയിൽ നിന്നുള്ളവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു," പിൽഭിത്തിലെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചുള്ള റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.ഇന്ന് രാജ്യം മുഴുവൻ ആരാധിക്കുന്ന ശക്തിയെ കോൺഗ്രസ് അനാദരിച്ചിരിക്കുകയാണ്. ശക്തിയെ ആരാധിക്കുന്ന ആരും കോൺഗ്രസിനോട് ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.