ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഖലിസ്താന്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്നാണ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ പോലീസ് എത്തിയത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സി.ആര്‍.പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്തെ ജനലുകളുടെയും വാഹനങ്ങളുടെയും ചില്ലുകളും തകര്‍ന്നിരുന്നു. എന്നാൽ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ വിവരങ്ങളും ശേഖരിച്ച പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
അതേസമയം, ബോംബ് നിര്‍മ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് മുഴുവന്‍ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.